കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

0
213

അബുദാബി: കാറപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 10 ലക്ഷം ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി ട്രാഫിക് കോടതി. കാറിന് സാങ്കേതിക തകരാര്‍ സംഭവിച്ചപ്പോള്‍ റോഡരികിലേക്ക് മാറ്റി നിര്‍ത്തിയിട്ടതായിരുന്നു യുവതി. ഈ സമയം അശ്രദ്ധയോടെ വാഹനമോടിച്ച് വന്ന അറബ് സ്വദേശി, യുവതിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ സീറ്റിലിരുന്ന യുവതിയ്ക്ക് ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും നെഞ്ചിനും കാലിനും ഗുരുതര പരിക്കേറ്റു. ഇവരുടെ നട്ടെല്ലിനും സാരമായ പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുവാവിന്റെ അശ്രദ്ധയാണ് അപകട കാരണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി അപകടത്തിന് കാരണക്കാരനായ അറബ് യുവാവ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് കണ്ടെത്തി.

തന്നെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ 20 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടാണ് പരിക്കേറ്റ യുവതി കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട കോടതി 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് ആറ് ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് നേരത്തെ പ്രാഥമിക സിവില്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതില്‍ രണ്ടുകക്ഷികളും അപ്പീല്‍ കോടതിയെ സമീപിച്ചു. കേസ് വീണ്ടും പരിഗണിച്ച മേല്‍ക്കോടതി നഷ്ടപരിഹാരത്തുക 10 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തി ഉത്തരവിട്ടു. കോടതി ചെലവുകളും എതിര്‍കക്ഷി വഹിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here