ഒടുവിൽ പ്രഖ്യാപനം വന്നു, മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകക്ഷിയാകും

0
204

കൊച്ചി: മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു. യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഏഴ്  ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ  യാത്രയിൽ പങ്കെടുക്കും.

താൻ പാലായിൽ വമ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പൻ വികസനങ്ങളാണ് പാലായിൽ താൻ എംഎൽഎ ആയ ശേഷം നടന്നത്. അക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താൻ നൽകിയ അപേക്ഷകൾക്കൊക്കെ അനുമതി നൽകിയത് അദ്ദേഹമാണ്. എന്നാൽ, സീറ്റ് നൽകുന്ന കാര്യം വന്നപ്പോൾ മുന്നണി തന്നെ അവ​ഗണിച്ചു. തന്നോടൊപ്പമുള്ള പ്രവർത്തകരുടെയും ദേശീയ നേതൃത്വത്തിൽ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പൻ പറഞ്ഞു.

അതേസമയം, കോഴിക്കോട് ജില്ല കമ്മിറ്റി എൻസിപി ഔദ്യോഗിക വിഭാഗത്തോടൊപ്പം ഉറച്ച് നിൽക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പറഞ്ഞു. മാണി സി കാപ്പന് ആരുടേയും പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here