ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

0
371

ദില്ലി(www.mediavisionnews.in): സമൂഹ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും പുതിയ മാർ​ഗരേഖയുമായി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകൾ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.

ഒ.ടി.ടിയെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് സമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഒ.ടി.ടിയില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണം. കോടതിയോ സർക്കാർ ഏജന്‍സികളോ ആവശ്യപ്പെട്ടാൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം. മാർഗനിർദേശങ്ങള്‍ നടപ്പാക്കാന്‍ സർക്കാർ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരും. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപെടുത്തണമെന്നും മാർഗനിർദേശത്തിലുണ്ട്.

സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്ത തടയുന്നതിന് നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകൾ അവസാനിപ്പിക്കും. പരാതി നൽകിയാൽ ഇവയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

ചുരുങ്ങിയത് നാൽപ്പതോളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും നൂറിൽപ്പരം വാർത്ത സെെറ്റുകളുമാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക. ഇക്കാര്യം ഉപയോക്താവിനെ അറിയിക്കാൻ കമ്പനിയോട് ആവശ്യപ്പെടും.

ഉള്ളടക്കം അനുസരിച് പരിപാടിയെ അഞ്ചായി തരം തിരിക്കും. കമ്പനികള്‍ക്ക് ഒരു പ്രശ്നപരിഹാര സംവിധാനം ഉണ്ടായിരിക്കണം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യുകയും 15 ദിവസത്തിനകം അത് തീർപ്പാക്കുകയും വേണമെന്നും വാര്‍ത്താവിതരണം മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here