അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനടക്കം 30ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

0
191

തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ പന്തളത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മിലേക്ക്. 30 ലേറെ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പന്തളത്തെത്തി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

പന്തളം നഗരസഭയിലെയും സമീപ മേഖലകളിലും അട്ടിമറി വിജയം നേടി, വന്‍നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രാദേശിക പ്രവര്‍ത്തകര്‍ കൂട്ടമായി ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നത്. ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട നാമജപഘോഷയാത്രയുടെ പ്രധാന സംഘാടകനും അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനുമായ എസ്. കൃഷ്ണകുമാര്‍, ബാലഗോകുലം താലൂക്ക് സെക്രട്ടറി അജയകുമാര്‍, പന്തളത്തെ പ്രധാന നേതാക്കളായ എം.സി സദാശിവന്‍, എം. ആര്‍ മനോജ് കുമാര്‍, സുരേഷ്, ശ്രീലത തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ലേറെ പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പന്തളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നേരിട്ടെത്തി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് വോട്ടുകള്‍ ഒഴുകാതെ പന്തളത്ത് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വിജയരാഘവന്‍, അനുദിനം ബി.ജെ.പി – കോണ്‍ഗ്രസ് ബന്ധം ശക്തിയാര്‍ജിക്കുകയാണന്നും പറഞ്ഞു. ഹിന്ദുത്വം പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെന്നും ആ മത്സരത്തില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും വിജയരാഘവന്‍ പരിഹസിച്ചു.

പന്തളത്ത് വര്‍ഷങ്ങളായി ബി.ജെ.പി വോട്ട് കച്ചവടം നടത്തുകയാണെന്നും അതിനെതിരായ പോരാട്ടമാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പന്തളം ഏരിയ സെക്രട്ടറി പി. ബി ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന നേതാക്കളായ കെ. അനന്ദ ഗോപന്‍, കെ.ജെ തോമസ് തുടങ്ങിയവരും പങ്കെടുത്തു. സമീപ ദിവസങ്ങളില്‍ തന്നെ ബി.ജെ.പിക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സി.പി.എമ്മിലേക്കെത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here