‘അന്ന് പണം കൊടുത്തത് പണമായിട്ടോ ചെക്കായിട്ടോ?, മണിക്കൂറുകള്‍ക്കുള്ളില്‍ 6 ലക്ഷം കിട്ടിയെങ്കില്‍ എത്ര രൂപയാണ് മൊത്തം പിരിച്ചത്?’; കെടി ജലീലിനോട് അക്കൗണ്ട് ചലഞ്ചുമായി ഫികെ ഫിറോസ്

0
247

കോഴിക്കോട്: മന്ത്രി കെടി ജലീലിനോട് ‘അക്കൗണ്ട് ചലഞ്ചുമായി’ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വാട്‌സ്ആപ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പിരിവിന്റെ വിശദാംശങ്ങള്‍ ചോദിച്ചാണ് ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് ചലഞ്ച്.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കത്വ, ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി യൂത്ത് ലീഗ് ദേശീയ ഭാരവാഹികള്‍ പത്ര സമ്മേളനം നടത്തുകയും വരവ് ചെലവ് കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ യൂത്ത് ലീഗ് നടത്തിയ ഇടപെടലുകള്‍ ജനങ്ങളെ അറിയിക്കാന്‍ ഒരവസരം കൂടി ലഭിച്ചു എന്നതാണ് ഇതു കൊണ്ടുണ്ടായ നേട്ടം.

ഇനി ചോദ്യം കെ.ടി ജലീലിനോടാണ്. 2018 ഏപ്രില്‍ 18ന് അങ്ങയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍ നിര്‍മ്മാണത്തിന് ഒരു പിരിവ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ആറു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായി ആ പോസ്റ്റില്‍ തന്നെ താങ്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റു പലരും തുക വാഗ്ദാനം ചെയ്തതായും അവകാശപ്പെടുകയും ചെയ്തു.
ചോദ്യമിതാണ്.

1.പ്രത്യേക ആവശ്യത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് മാത്രമേ പണം ശേഖരിക്കാന്‍ പാടുള്ളൂ എന്ന് താങ്കള്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഏത് ബാങ്കിലെ എക്കൗണ്ടിലേക്കാണ് അങ്ങ് പണം ശേഖരിച്ചത് എന്ന് വ്യക്തമാക്കാമോ?

  1. കേരളത്തിലെ ഒരു മന്ത്രിയായ താങ്കള്‍ നടത്തിയ പിരിവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 6 ലക്ഷം കിട്ടിയെങ്കില്‍ എത്ര രൂപയാണ് മൊത്തം പിരിച്ചത്?
  2. പിരിച്ച പൈസ ആര്‍ക്കൊക്കെ വേണ്ടിയാണ് വിനിയോഗിച്ചത്?
  3. ആര്‍ക്കൊക്കെയാണ് പണം നല്‍കിയത് എന്ന കാര്യം എന്ത് കൊണ്ടാണ് നാളിതുവരെ വ്യക്തമാക്കാതിരുന്നത്?
  4. പണം ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ കൊടുത്തത് പണമായിട്ടാണോ ചെക്കായിട്ടാണോ?

    ഇതു സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തി വരവ് ചെലവ് കണക്കുകള്‍ പുറത്തു വിടുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം നിര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here