വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല; ഹെവി ലൈസന്‍സ് നിയമങ്ങളും മാറുന്നു

0
242

സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക സംസ്ഥാനത്ത് മോട്ടോര്‍വാഹനവകുപ്പ് കുറയ്ക്കുന്നു. എല്ലാ വാഹനങ്ങള്‍ക്കും പരമാവധി 300 രൂപയാകും പുതുക്കിയ പിഴത്തുക. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരുമാസത്തേക്കുള്ള പിഴയായി ഈടാക്കുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറയ്ക്കുന്നത്.

ഇതില്‍ നാലുചക്രവാഹനങ്ങള്‍ക്ക് ഓരോമാസവും പിഴയായി 500 രൂപ നല്‍കണമെന്നത് മാറി എത്ര വൈകിയാലും 300 രൂപ നല്‍കിയാല്‍ മതിയെന്ന സ്ഥിതിയിലെത്തും. ഇതുസംബന്ധിച്ച് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പിഴയീടാക്കുന്ന രീതിയും അവസാനിപ്പിക്കാന്‍ നീക്കമുണ്ട്.

ഒപ്പം ഹെവി ലൈസന്‍സ് നിയമങ്ങളിലും മാറ്റംവരുത്തുന്നു. ഹെവി ലൈസന്‍സ് പുതുക്കാത്തത് ചൂണ്ടിക്കാട്ടി സ്വകാര്യ ലൈസന്‍സ് പുതുക്കുന്നത് ഇനി മുതല്‍ തടയില്ലെന്നാണ് സൂചന. അതിനാല്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഹെവി ലൈസന്‍സ് വേണ്ടെന്നുവെക്കാനും അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസന്‍സ് നിലനിര്‍ത്താനും സാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

പിഴത്തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും വാഹന്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ മാറ്റംവന്നിട്ടില്ല. അതിനാല്‍, ഇപ്പോഴും പഴയനിലവാരത്തില്‍ത്തന്നെയാണ് തുക ഈടാക്കുന്നത്.

നാലുചക്രവാഹനങ്ങള്‍ക്ക് ഓരോമാസവും 500 രൂപയും ഇരുചക്രവാഹനത്തിന് 300 രൂപയും അടയ്ക്കണം. വാഹന്‍ പരിവാഹന്‍ െവബ് സൈറ്റില്‍ ഇതുസംബന്ധിച്ച് ക്രമീകരണം നടത്താന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ (എന്‍.ഐ.സി.) അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here