തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആത്മഹത്യാശ്രമം ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെയെന്ന് വ്യാജപ്രചാരണം

0
216

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം. വിജിത് ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി. തന്നോട് ഇക്കാര്യം ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പറഞ്ഞതെന്ന് നൗഷാദ് അലി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിജിത്ത് ലീഗിന് അനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ സമ്മർദവും അമ്പരപ്പുമാണ് ആ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് നൗഷാദ് അലി പറയുന്നു. തികച്ചും വര്‍ഗീയമായ വ്യാജപ്രചാരണമാണ് ഈ സംഭവത്തെ കുറിച്ച് നടക്കുന്നത്. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അൽപ്പൻമാരിൽ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെയെന്നും നൗഷാദ് അലി പറഞ്ഞു.

നൗഷാദ് അലിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

രാവിലെ ഡൽഹിയിലെ ഒരു പത്രപ്രവർത്തക സുഹൃത്തിന്‍റെ ഫോൺ വിളി വരികയുണ്ടായി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ വിജിത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിഷം പുരട്ടിയ വാർത്ത ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ആളിപ്പടരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് അദ്ദേഹം വിളിച്ചത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പാണമ്പ്രയിൽ നിന്നാണ് ‘കണക്ക’ സമുദായാംഗമായ വിജിത് ജയിച്ചത്. യൂത്ത് കോൺ.പ്രവർത്തകനായ അദ്ദേഹം ലീഗിനനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡണ്ട് പദവി തീർത്ത സമ്മർദ്ദവും, അമ്പരപ്പുമാണ് ഈ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നുണ്ട്.

വർഗ്ഗീയതയുടെ ബലികുടീരത്തിൽ ഇന്ധനം പകരാൻ തക്കം പാർത്തവർ രംഗം കൈയ്യടക്കിയിരിക്കുന്നു. ശൂന്യാവസരങ്ങളിൽ നിന്നു പോലും വിഷം പുരട്ടിയ വാർത്തകൾ സൃഷ്ടിച്ച് അധികാരമേറിയവർ ഇന്ത്യ ഭരിക്കുമ്പോൾ നിയമ നടപടികൾ അസ്ഥാനത്താണ്. പക്ഷെ, ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ഡ്രസ്സ് ജിഹാദ്…തുടങ്ങി ഇസ്ലാമോഫോബിയ തീർത്ത് ആഘോഷിക്കുന്നവരിൽ ഒട്ടും പ്രതീക്ഷിക്കാത്ത മുഖങ്ങളും, പ്രസ്ഥാനങ്ങളും കടന്നു വരുമ്പോൾ വലിയ ദു:ഖം തോന്നുന്നു. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അൽപ്പൻമാരിൽ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെ!!

https://www.facebook.com/noushadali.kp.16/posts/2325107504299273

LEAVE A REPLY

Please enter your comment!
Please enter your name here