കേരളത്തിൽ ‘എല്‍ഡിഎഫ് തുടര്‍ഭരണമാണ് നല്ലത്, കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാൽ വളരാം’; ബിജെപി പഠനശിബിരങ്ങളില്‍ നേതാക്കളുടെ സന്ദേശം

0
203

കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് സന്ദേശം നല്‍കി ബിജെപി നേതാക്കള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ബി.ജെ.പി. പഠനശിബിരങ്ങളിൽ നിർദേശം ഉണ്ട്.

സംസ്ഥാനത്ത് തുടര്‍ഭരണം വരുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകകക്ഷികളില്‍ നിന്നും വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. അധികാരമില്ലാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ബിജെപിക്ക് വേരോട്ടമില്ലാതിരുന്ന കര്‍ണാടക, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതാണ് വളര്‍ച്ചക്ക് കാരണമെന്ന് ഉദാഹരണമായി നേതാക്കള്‍ ശിബിരങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബിജെപി സ്വീകരിച്ചിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേ പോലെ എതിര്‍ക്കുക എന്നതായിരുന്നു സ്വീകരിച്ചു വന്ന നയം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിക്കുക എന്ന നയത്തിലേക്ക് മാറുക എന്നതാണ് ബിജെപി പുതുതായി സ്വീകരിക്കുന്ന നയം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 ലക്ഷം വോട്ടുകളാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ വോട്ടുകളാണ് കിട്ടിയത്. കോൺഗ്രസിനെ ക്ഷീണിപ്പിച്ചാൽ ബി.ജെ.പിക്ക് 50 ലക്ഷം വോട്ടിലേക്ക് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്താൻ പ്രയാസമുണ്ടാവില്ല എന്നാണ് കണക്കുകൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here