Wednesday, July 23, 2025
Home Kerala ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയെന്ന പ്രചരണം: പ്രതികരണവുമായി എസ്‌കെഎസ്എസ്എഫ്

ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയെന്ന പ്രചരണം: പ്രതികരണവുമായി എസ്‌കെഎസ്എസ്എഫ്

0
248
കോഴിക്കോട്: ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പിന്തിരിപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സുന്നി സംഘടനകളുടെ സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം. പാണക്കാട്ടും ജാമിഅ നൂരിയ സ്ഥാപനത്തിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കെന്നും ആക്ഷേപമുണ്ട്. വിവാദത്തോട് സമസ്ത നേതൃത്വം പ്രതികരിച്ചില്ലെങ്കിലും സമസ്തയുടെ വിദ്യാർത്ഥിസംഘടനയായ എസ്‌കെഎസ്എസ്എഫ് പ്രതികരണവുമായി രംഗത്തെത്തി.
ആലിക്കുട്ടി മുസ്ല്യാരെ മുഖ്യമന്ത്രിയുടെ പര്യടനപരിപാടിയിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രമുഖ ലീഗ് നേതാവ് എം സി മായിൻ ഹാജിയാണ് വിലക്കിന് പിന്നിലെന്നാണ് ആക്ഷേപം. സുന്നി ലീഗ് തർക്കം വിണ്ടൂം രൂക്ഷമാവുന്നതിന്റെ ഭാഗമാണിതെന്ന് സൂചനയുണ്ട്.
സുന്നി സൈബർ ഗ്രുപ്പുകളിലും വാട്ട്സാപ്പ് ഗ്രുപ്പുകളിലും ചേരി തിരിഞ്ഞാണ് ആരോപണങ്ങൾ. സമസ്തയിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ അനുവദിക്കാനില്ലെന്നും പോസ്റ്റുകളിൽ പറയുന്നു. സമസ്തനേതാക്കൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
എന്നാൽ സമസ്ത എന്ന മതസംഘടനയുടെ നയപരമായ കാര്യങ്ങളിൽ കൈകടത്താൻ മുസ്ലീം ലീ​ഗിനോ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ ആകില്ലെന്നായിരുന്നു  എസ്‌കെഎസ്എസ്എഫ്ന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണ നൽകിയ ഉമർഫൈസി മുക്കത്തെ ഒറ്റപെടുത്തി ആക്രമിക്കുന്നതായും ചില പോസ്റ്റുകളിൽ പറയുന്നു. എന്നാൽ പ്രചാരണത്തിന് പിന്നിൽ സൈബർ സഖാക്കളാണെന്നും സമസ്തയുമായി തർക്കമില്ലെന്നും മുസ്ലിം ലീഗ് നേതാവ്  മായിൻ ഹാജി പ്രതികരിച്ചു. തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തെക്കുറിച്ചറിയില്ലെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here