ബംഗളൂരു: മാതാപിതാക്കൾക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്നു മൂന്നു വയസുകാരി മരിച്ചു. ജെവാർഗി താലൂക്കിലെ ജെയ്നപുർ സ്വദേശികളായ സംഗീത-രവി തൽവാർ ദമ്പതികളുടെ മകൾ ഭാരതിയാണ് മരിച്ചത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കലാപശ്രമത്തിന്‍റെ പേരില്‍ കേസെടുത്ത പൊലീസ് ഭാരതിയുടെ മാതാപിതാക്കൾ ഉൾപ്പെടെ പത്തുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോടതി റിമാൻഡ് ചെയ്തതോടെ ഡിസംബർ 31ന് പ്രതികളെ കൽബുർഗിയിലെ സെന്‍ട്രൽ ജയിലിലേക്ക് മാറ്റി. മൂന്നുവയസുകാരിയായ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകാതെ വന്നതോടെ കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയെ തുടർന്ന് കുട്ടിയെ ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പനി കൂടിയ കുട്ടി ശനിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ തന്നെ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തി. പൊലീസ് അനാസ്ഥ മൂലം യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ഇവർ പറയുന്നത്. പക്ഷെ ഇത് കസ്റ്റഡി മരണമാണെന്ന തരത്തിലുള്ള വാദങ്ങൾ തള്ളിയ പൊലീസ് കുട്ടിക്ക് നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
‘ഇതൊരു കസ്റ്റഡി മരണമല്ല. കുട്ടിക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വന്നിട്ടുണ്ട്. ഇതനുസരിച്ച് ഫർഹതബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിൽ സ്വാഭാവിക മരണം എന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്തെങ്കിലും അന്വേഷണം വേണ്ടി വന്നാൽ കലാപ കേസ് അന്വേഷിച്ച പിഎസ്ഐക്കെതിരെ നടപടി സ്വീകരിക്കും’ എന്നാണ് ഐജി ഖര്‍ബികർ അറിയിച്ചത്.