സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ റിപ്പോര്‍ട്ട്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു. ‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. ലിങ്ക് ചന്ദ്രികയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് അനുകൂലികളെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും എസ്ഡിപിഐയില്‍ ചേര്‍ന്നെന്ന് ചിലര്‍ പരിഹാസ കമന്റുകളിട്ടു. ഡിസംബര്‍ 30ന് കാരാട്ട് എസ്എഫ്‌ഐ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്ന എസ്എഫ്‌ഐ ഡല്‍ഹി പേജിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയും വിമര്‍ശനങ്ങളുണ്ടായി. തെറ്റായ റിപ്പോര്‍ട്ടില്‍ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചെന്ന് കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചന്ദ്രികയില്‍ വന്ന വാര്‍ത്ത
സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് സിപിഎം വേദികളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങളാവുന്നു. സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം നിശബ്ദനായി തുടങ്ങിയ പ്രകാശ് കാരാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പൂര്‍ണമായും പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചിരുന്ന പാര്‍ട്ടി കേരള ഘടകവും അദ്ദേഹത്തെ കൈയൊഴിഞ്ഞതോടെയാണ് കാരാട്ട് പൂര്‍ണമായും പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്.

2004ല്‍ യുപിഎ സര്‍ക്കാറിനെ പിന്തുണക്കുമ്പോള്‍ 64 എംപിമാരുണ്ടായിരുന്ന സിപിഎം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങിയത് പ്രകാശ് കാരാട്ടിന്റെ പിടിവാശി മൂലമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. ജനകീയനായിരുന്ന ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത കാരാട്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത ആളായിരുന്നു. സൈദ്ധാന്തിക പിടിവാശികള്‍ മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതടക്കം കാരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാന്‍ കാരാട്ട് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും ആരോപണമുണ്ട്.
അതിനിടെ കാരാട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ തേര്‍വാഴ്ചക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവായ കാരാട്ട് ഇതുവരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. പൗരത്വസമരം, കര്‍ഷക പ്രക്ഷോഭം, ഷഹീന്‍ ബാഗ് സമരം തുടങ്ങിയ സമരവേദികളിലൊന്നും കാരാട്ടിനെ കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള സിപിഎം തീരുമാനവും കാരാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ട്.