ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ബില്ലിനെ അനുകൂലിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സി.എം ഇബ്രാഹിം.
തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് താന്‍ ബില്ലിനെ അനുകൂലിക്കുന്നുവെന്നും മുസ്‌ലിം സമൂഹം ബീഫ് കഴിക്കാന്‍ പാടില്ലെന്നുമുള്ള പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെപ്പറ്റിയാണ് താന്‍ പറഞ്ഞത്. നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകരുടെ കറവ വറ്റിയ പശുക്കളെ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധനത്തെ പിന്തുണച്ച് സി.എം ഇബ്രാഹിം രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ വ്യാപകമായത്.
ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിരോധന- സംരക്ഷണ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനിടെ ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് സി.എം. ഇബ്രാഹിം രംഗത്തെത്തിയതെന്നായിരുന്നു വാര്‍ത്ത.
ഇതോടൊപ്പം മുസ്ലീങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും ബി.ജെ.പി. സര്‍ക്കാര്‍ പഞ്ചായത്ത് തലത്തില്‍ ഗോശാലകള്‍ സ്ഥാപിക്കണമെന്നും സി.എം. ഇബ്രാഹിം ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സി.എം. ഇബ്രാഹിം കോണ്‍ഗ്രസ് വിട്ട് ജെ.ഡി.എസിലേക്ക് മടങ്ങിപ്പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇതെല്ലാം.2004 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു സി.എം. ഇബ്രാഹിം ജെ.ഡി.എസ്. വിട്ടത്. 2008-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.