തേനില്‍ ചൈനീസ് പഞ്ചസാര; പതഞ്ജലി ഉള്‍പ്പെടെയുള്ള ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

0
219

പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് കണ്ടെത്തല്‍. ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേന്‍ ആണ് പ്രമുഖ ബ്രാന്‍റുകള്‍ വില്‍ക്കുന്നതെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) കണ്ടെത്തി. 13 ബ്രാന്‍റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍.

കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു- “ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വര്‍ഷങ്ങളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ സങ്കീർണമായ തട്ടിപ്പാണ് ഇത്. ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനില്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിരോധം വര്‍ധിപ്പിക്കാനായി തേന്‍ ഉപഭോഗം കൂടിയ സമയമാണിത്. പഞ്ചസാര സിറപ്പ് ചേര്‍ത്ത് വില്‍പനക്കെത്തുന്ന തേനുകള്‍ കോവിഡ് അപകട സാധ്യത കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണിയാണ്”- സുനിത നരേന്‍ വ്യക്തമാക്കി.

തേനിലെ മായം കണ്ടെത്തുന്ന പരിശോധനകളെ മറികടക്കാന്‍ കഴിയുംവിധത്തിലാണ് പഞ്ചസാര സിറപ്പ് തേനില്‍ ചേര്‍ക്കുന്നതെന്നും സി.എസ്.ഇ കണ്ടെത്തി. മുന്‍പൊക്കെ കരിമ്പ്, അരി, ബീറ്റ് റൂട്ട് തുടങ്ങിയവയില്‍ നിന്നുള്ള പഞ്ചസാരയാണ് തേനിന്‍റെ മധുരം കൂട്ടാനായി ചേര്‍ത്തിരുന്നത്. സി3, സി4 പരിശോധനകളില്‍ ഈ മായം കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കുന്ന ചൈനീസ് ഷുഗര്‍ ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസണന്‍സ് പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ. കയറ്റുമതി ചെയ്യുന്ന തേനില്‍ ഈ പരിശോധന ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ ദേശീയ ക്ഷീര വികസന ബോർഡിലും (എൻ‌ഡി‌ഡി‌ബി) സെന്റർ ഫോർ അനാലിസിസ് ആന്റ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡിലുമാണ് പരിശോധന നടത്തിയത്. എന്നാല്‍ തേനില്‍ മായം ചേര്‍ക്കുന്നുവെന്ന ആരോപണം പതഞ്ജലിയും ഡാബറും സാന്ദുവും നിഷേധിച്ചു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേന്‍ വില്‍ക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here