കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണം കൊലപാതകം; കേസിന്റെ ചുരുളഴിഞ്ഞു

0
232

കൊണ്ടോട്ടി: കരിപ്പൂര്‍ കിളിനാട്ട് അബ്ദുള്‍ ലത്തീഫി(45)നെ വയനാട് കല്‍പറ്റ പറളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന് മാടത്തൊടുക വീട്ടില്‍ ജസ്‌ന (30), സഹോദരന്‍ ജംഷാന്‍ (26) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് ലത്തീഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. കൊണ്ടോട്ടിയില്‍ ഭാര്യയും കുട്ടികളുമുള്ള ഇദ്ദേഹം 2016ലാണ് ജസ്‌നയെ വിവാഹം ചെയ്തത്. ഇടയ്ക്കിടെ പറളിക്കുന്നിലെ വീട്ടില്‍വന്ന് ഇയാള്‍ താമസിക്കാറുമുണ്ട്. 2019ല്‍ ഇവര്‍ തമ്മിലുള്ള ബന്ധം വഷളായി.

ലത്തീഫ് മദ്യപിച്ച് വീട്ടിലെത്തി തര്‍ക്കമുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം രാത്രി ലത്തീഫ് ജസ്‌നയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം കൈയാങ്കളിയിലെത്തി. വിവരമറിഞ്ഞ് കല്‍പറ്റ പൊലീസെത്തി ലത്തീഫിനെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കെട്ടിയിട്ടുള്ള അടിയും തൊഴിയുമാണ് ലത്തീഫിന്റെ മരണത്തിനിടയാക്കിയത്. ഭാര്യ ജസ്‌നയും സഹോദരനും ചേര്‍ന്ന് കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചത്. ദേഹത്ത് വടികൊണ്ട് അടിച്ചതിന്റെയും കുത്തിയതിന്റെയും പാടുകളുണ്ട്. നെഞ്ചിന്റെ താഴ്ഭാഗത്തേറ്റ ചവിട്ടാണ് മരണകാരണം. അടുക്കളയില്‍ വെച്ചാണ് ഇവര്‍ ലത്തീഫിനെ മര്‍ദിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പൊലീസ് സ്ഥലത്തെത്തുമ്പോള്‍ കൈകള്‍ കെട്ടിയിട്ട് മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു ലത്തീഫ്. ഉടന്‍ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവശേഷം ജസ്‌നയും സഹോദരന്‍ ജംഷാനും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here