Home Latest news സത്യപ്രതിജ്ഞയ്ക്കിടെ ജയ്‌ശ്രീറാം വിളിയുമായി ബിജെപി അംഗം: മുസ്ലിം ലീഗ് നേതാക്കൾ റിട്ടേർണിങ് ഓഫീസർക്ക് പരാതി നൽകി.
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി.
പതിനേഴാം വാർഡ് അടുക്കയിലെ ബിജെപി അംഗം കിഷോർകുമാർ ആണ് സത്യപ്രതിജ്ഞ ചടങ്ങിനിടെ സദസ്സിനെ സാക്ഷി നിർത്തി ഉച്ചത്തിൽ ജയ്ശ്രീറാം വിളി മുഴക്കിയത്.
ഉടനെ സദസ്സിൽ നിന്നും മുസ്ലിം ലീഗ് പ്രവർത്തകർ ബഹളം വെച്ചു. രംഗം ശാന്തമാക്കാൻ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസയുടെ നേതൃത്വത്തിൽ നേതാക്കൾ ഏറെ പണിപെട്ടു. ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ സംഘത്തിന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മുസ്ലിം ലീഗ് നേതാക്കളായ ടി എ മൂസ, പി എം സലീം, ഉമ്മർ അപ്പോളോ, മാദേരി അബ്ദുല്ല, ബി എം മുസ്തഫ, കെ. എഫ്. ഇഖ്ബാൽ എന്നിവർ പരാതി നൽകാൻ ഒപ്പമുണ്ടായിരുന്നു.