സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം

0
204

സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം. പതിനാല് പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞതവണ 13 പഞ്ചായത്തുകൾ എൻ.ഡി.എ ഭരിച്ചെങ്കിൽ ഇത്തവണ അത് നാലായി. ജില്ലാ പഞ്ചായത്തുകളിൽ എവിടെയും വലിയ നേട്ടമുണ്ടാക്കാൻ ബിജെപിക്കായില്ല. പതിമൂന്ന് പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ തവണ എന്‍.ഡി.എ ഭരണം നേടിയത്.

മൂന്ന് പഞ്ചായത്തുകളില്‍ പിന്നീട് ഭരണം നഷ്ടമായി. ഇക്കുറി ഭൂരിപക്ഷം നേടി ഭരണത്തിലെത്താനായത് നാലു പഞ്ചായത്തുകളില്‍. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍ക്കോട് ജില്ലയിലെ മധൂർ, ബെള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. പന്ത്രണ്ട് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് എന്‍.ഡി.എയാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂര്‍,കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് ഈ നേട്ടം.

പാലക്കാട് ജില്ലയില്‍ പറളി, മലമ്പുഴ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും യുഡിഎഫും തുല്യനിലയാണ്. കോഴിക്കോട് കണ്ണൂര്‍, മലപ്പുറം, വയനാട്, എറണാകുളം ഇടുക്കി ജില്ലകളില്‍ ഒരു പഞ്ചായത്തിലും മുന്നിലെത്താന്‍ എന്‍.ഡി.എക്കായില്ല. കഴിഞ്ഞ തവണ ഒരു ബ്ലോക്ക് പഞ്ചായത്തിലും എന്‍.ഡി.എക്ക് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. ഇക്കുറി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫും എന്‍.ഡി.എയും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയതിനൊപ്പം പന്തളത്തും ഭരണം നേടാനായത് മുന്നണിക്ക് നേട്ടമായി. ജില്ലാ പഞ്ചായത്തില്‍ പക്ഷേ എവിടെയും വലിയ നേട്ടമുണ്ടാക്കാന്‍ എന്‍.ഡി.എക്ക് സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here