നിലമ്പൂര്‍: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ളാദ പ്രകടത്തിനിടെ വാഹനത്തിൽ നിന്ന് വീണ് മരണപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹായ ഹസ്തവുമായി പി വി അൻവർ എംഎൽഎ. മൂത്തേടം നെല്ലിപൊയിൽ മലയിൽ ഇസ്മായീൽ (32) ആണ് വിജയാഘോഷത്തിനിടെ അനൌണ്‍സ്മെന്‍റ് വാഹനത്തില്‍ നിന്നും വീണ് മരിച്ചത്. ഇസ്മായിലിന്‍റെ കുടുംബത്തിന് എംഎല്‍എ ഒരു ലക്ഷം രൂപ കൈമാറി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം മൂത്തേടം പഞ്ചായത്തിലെ നെല്ലിപൊയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടന വാഹനത്തിന് മുകളിൽ നിന്നാണ് ഇസ്മായില്‍ താഴെ വീണ് മരിച്ചത്. പി വി അൻവർ എം എൽ എയുടെ മാതാപിതാക്കളായ എടവണ്ണ പി വി ഷൗക്കത്തലി ആൻഡ് മറിയുമ്മ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നാണ് ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറിയത്. എം എൽ എയുടെ മകൻ പി വി റ്സ്വാവാൻ തുക വീട്ടിലെത്തി കുടുംബത്തിന് കൈമാറി.
വൃദ്ധരായ മാതാപിതാക്കളുടെയും,ഭാര്യയുടെയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ആകെ അത്താണിയായിരുന്നു ഇസ്മയിൽ.ഏറെ കഷ്ടപ്പാടിൽ കഴിയുന്ന ഈ കുടുംബത്തിനെ രാഷ്ട്രീയത്തിനും അതീതമായി ചേർത്തുപിടിക്കേണ്ടതുണ്ട്. ആ കുടുംബത്തിന്റെ നഷ്ടത്തിനിതൊന്നും പകരമാവുകയില്ലെന്നറിയാം.എങ്കിലും അവർക്കൊപ്പമുണ്ട്. കാരണം രാഷ്ട്രീയത്തിലുമുപരി, മാനവികതയെ എന്നും വിലമതിക്കുന്നുണ്ട്- പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.