ലക്നൗ: വിവാഹത്തിനായെത്തിയ വരനും സംഘവും വധുവിന്‍റെ വീട് കണ്ടുപിടിക്കാനാകാതെ മടങ്ങി. യുപിയിലാണ് ‘വ്യത്യസ്തമായ’ ഈ സംഭവം അരങ്ങേറിയത്. ഇക്കഴിഞ്ഞ ഡിസംബർ പത്തിന് രാത്രിയായിരുന്നു വിവാഹച്ചടങ്ങുകൾ. ഇതിനായി അസമ്ഗഡിൽ നിന്നും വരനും സംഘവും (ബാരാത്) പുറപ്പെടുകയും ചെയ്തു. മൗവിലായിരുന്നു വധുഗൃഹം.
ആചാര ചടങ്ങുകളോടെ പുറപ്പെട്ട സംഘത്തിന് പക്ഷെ വധുഗൃഹം കണ്ടെത്താനായില്ല. ഒരു രാത്രി മുഴുവൻ വിലാസം തിരക്കി കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അലച്ചില്‍ അവസാനിപ്പിച്ച് ‘വധു’ഇല്ലാതെ തന്നെ വരനും കൂട്ടരും മടങ്ങുകയും ചെയ്തു. വിവാഹത്തിന് മുമ്പ് വരനും ബന്ധുക്കളും വധുവിന്‍റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ഇടനിലക്കാരി വഴി വന്ന ബന്ധം അവരോടുള്ള വിശ്വാസത്തിന്‍റെ പുറത്ത് ഉറപ്പിക്കുകയായിരുന്നു.
വിവാഹത്തിന്‍റെ ഒരുക്കങ്ങൾക്കായി വധുവിന്‍റെ വീട്ടുകാർക്ക് 20000 രൂപയും നൽകിയിരുന്നു. വീട് കണ്ടെത്താനാകാതെ മടങ്ങിയതോടെ വരനും കൂട്ടരും ദേഷ്യം മുഴുവൻ വിവാഹത്തിന് ഇടനിലക്കാരിയായി നിന്ന സ്ത്രീയോട് തീർത്തുവെന്നാണ് റിപ്പോർട്ട്. രാത്രി മുഴുവന്‍ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.