കൊല്ലം:രാമക്ഷേത്ര നിര്‍മാണത്തിന് ധനം സമാഹരിക്കാനായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കയറാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ക്ഷേത്രനിര്‍മാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യും.
ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കത്തിനായി പരിവാറിനുപുറത്തുള്ള പ്രമുഖ വ്യക്തികങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സംസ്ഥാനതലത്തിലും പ്രത്യേക സമിതികള്‍ രൂപവത്കരിക്കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നിലവില്‍വരും. ഈ സമിതികളുടെ നിയന്ത്രണം ആര്‍.എസ്.എസിനായിരിക്കും.
10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും. സംഭാവന നല്‍കുന്നവരുടെ പേരും മേല്‍വിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തുക അന്നന്നുതന്നെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റണം. ഗൃഹസമ്പര്‍ക്കത്തിലൂടെ ധനസമാഹരണത്തിനുപുറമേ രാഷ്ട്രീയപ്രചാരണമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുഴുവന്‍ ആസൂത്രണം ചെയ്തിട്ടുള്ള ഗൃഹസമ്പര്‍ക്കം ചില സംസ്ഥാനങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു.