Home Latest news രാത്രി കടലില്‍ ലൈറ്റ് കത്തിച്ചുള്ള മീന്‍പിടുത്തം ഫിഷറീസ് ഉദ്യോഗസ്ഥരും തീരദേശപൊലീസും തടഞ്ഞു; മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള...
കാസര്‍കോട്: രാത്രി കടലില്‍ ലൈറ്റ് കത്തിച്ച് നടത്തുകയായിരുന്ന മീന്‍പിടുത്തം ഫിഷറീസ് വകുപ്പും തീരദേശപൊലീസും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തൈക്കടപ്പുറത്തെ ഫിഷറീസ് ഉദ്യോഗസ്ഥരും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള തീരദേശ പൊലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മത്സ്യബന്ധനത്തിനെത്തിയവരുടെ ബോട്ട് പിടികൂടിയത്.
മംഗളൂരു സ്വദേശി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍ പരിശോധനക്കെത്തിയ കാസര്‍കോട് ജില്ലാ ഫിഷറീസ് അസി. ഡയറക്ടര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബേക്കല്‍ കോസ്റ്റല്‍ എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കടലില്‍വെച്ച് ഈ ബോട്ട് കേടായതിനാല്‍ ചൊവ്വാഴ്ച രാവിലെ കെട്ടിവലിച്ച് കരക്കെത്തിക്കുകയായിരുന്നു.
കടലില്‍ ലൈറ്റ് വെച്ചുള്ള മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മീന്‍പിടുത്തം കര്‍ശനമായി തടയുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്‍ പറഞ്ഞു. കോസ്റ്റല്‍ എസ്.ഐമാരായ എം.ടി.പി സെയ്ഫുദ്ദീന്‍, സന്തോഷ്, ഉണ്ണികൃഷ്ണന്‍, മൂന്ന് സ്റ്റേഷനുകളിലെയും നാല് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, കോസ്റ്റല്‍ വാര്‍ഡന്‍മാര്‍, ഫിഷറീസ് റസ്‌ക്യു ബോട്ടിലെ ജീവനക്കാര്‍ എന്നിവരും പട്രോളിംഗില്‍ പങ്കെടുത്തു.