രാജ്യത്ത് എവിടെ നിന്നും വോട്ടു ചെയ്യാനുള്ള സംവിധാനം ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

0
183

ന്യൂഡൽഹി: രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. ഇതിനായി പുതിയ തലമുറയില്‍ പെട്ട ഡയനാമിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള നടപടികളിലേക്കാണ് കമ്മീഷന്‍ കടക്കുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

നിലവിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ മണ്ഡല അടിസ്ഥാനത്തിലുള്ള ബാലറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഡയനാമിക് ബാലറ്റ് ഉള്‍ക്കൊള്ളിച്ച് എവിടെ നിന്ന് വേണമെങ്കിലും വോട്ട് രേഖപെടുത്താവുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടിംഗ് മെഷിനില്‍ വിവിധ മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.

വിദൂര സ്ഥലങ്ങളില്‍ നിന്ന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ സെന്‍ട്രല്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യുട്ടിങ്ങിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രജത് മൂന്നയുടെ അധ്യക്ഷതയില്‍ ഏഴ് അംഗ ഉപദേശക സമിതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ചെന്നൈ, മുംബൈ, ഡല്‍ഹി ഐ ഐ ടി കളിലെ വിദഗ്ദ്ധര്‍ അടങ്ങുന്നതാണ് ഉപദേശക സമിതി.

ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാതെ പുതിയ ഡയനാമിക് ബാലറ്റ് എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതാണ് സമിതിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. നിലവിലെ വോട്ടിങ് പ്രക്രിയയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതേ ഇല്ല. അതിനാല്‍ ഹാക്കിങ് ഉണ്ടാകുന്നില്ല എന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഡയനാമിക് ബാലറ്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം പരമാവധി കുറയ്ക്കുകയും ഹാക്കിങ് പൂര്‍ണ്ണമായി ഒഴിവാക്കാനുമാണ് സമിതി ലക്ഷ്യം ഇടുന്നത്. വോട്ട് എണ്ണുന്നതിന് പുതിയ മാര്‍ഗ്ഗരേഖയും പുറത്ത് ഇറക്കേണ്ടി വരും.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഡയനാമിക് ബാലറ്റുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇത് വിജയകരമാണെങ്കില്‍ പതിനായിരത്തോളം പുതിയ മെഷിനുകള്‍ വാങ്ങാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here