യു.ഡി.എഫിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എം.എസ്.എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കമന്‍റുകള്‍.
തഹ്‌ലിയക്ക് നേരെയുള്ള രാഷ്ട്രീയവിമർശനത്തിൽ നിന്ന് സൈബർ ഇടങ്ങളില്‍ വ്യക്തിഹത്യയിലേക്കും സ്ത്രീയധിക്ഷേപത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധമായ കമന്‍റുകളാണ് ഫാത്തിമ തെഹ്‍ലിയയുടെ ഓരോ പോസ്റ്റുകള്‍ക്കും താഴെ കാണുന്നത്.
യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?’ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും ‘മുസ്‍ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ.ഫാത്തിമ തഹ്‍ലിയ കുറ്റപ്പെടുത്തി.
കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടതെന്നും സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്‍റെ മെക്കിട്ട് കയറുന്നതെന്നും കുറിപ്പില്‍ വിമര്‍ശിച്ചു.
ഗുജറാത്തിൽ കോണ്‍ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍.എസ്.എസ് തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും ഫാത്തിമ തഹ്‍ലിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‍ലിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്.