ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമല്ല; സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

0
188

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്.

ടോള്‍പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. പണരഹിത ഇടപാട് പൂര്‍ണമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇത് കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ, ഇരുവശങ്ങളിലുമായി ഓരോ ലൈന്‍ ഒഴികെയുള്ള എല്ലാ പാതകളിലും ഫാസ്ടാഗ് ഇല്ലാതെ ടോള്‍പ്ലാസ കടക്കാന്‍ സാധിക്കില്ല. അല്ലാത്തപക്ഷം ടോള്‍ നിരക്കിന്റെ ഇരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും.

2017 ഡിസംബര്‍ ഒന്നിന് മുമ്പിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള  വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്നുമുതല്‍ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി.

ഹൈവേ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. വിവിധ ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. ഓണ്‍ലൈനായി റീ ചാര്‍ജും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here