ദേശീയപാത വികസനം: ഉടമകൾക്ക് ഒരുമാസത്തിനകം 50% നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

0
284

കാസർകോട്∙ ദേശീയപാത വികസനത്തിനു ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുത്ത ഉടമകളുടെ തടഞ്ഞുവച്ച  നഷ്ടപരിഹാര തുക  1 മാസത്തിനകം 50 ശതമാനവും  4 മാസത്തിനകം ആർബിട്രേഷൻ നടപടികൾ പൂർത്തിയാക്കി ബാക്കി തുകയും നൽകാൻ ഹൈക്കോടതി ഉത്തരവ്. ഭൂമി വിട്ടു കൊടുത്തു നഷ്ട പരിഹാരം അനുവദിക്കാൻ ഉത്തരവിറങ്ങി 1 വർഷമായിട്ടും പണം കിട്ടാത്തതിനെതിരെ  സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കൽ വിഭാഗം നിജപ്പെടുത്തിയ വില കൂടുതൽ ആണ് എന്ന കാരണം ഉന്നയിച്ചാണ് ഇവർക്ക് അനുവദിച്ച പണം ദേശീയപാത അതോറിറ്റി തടഞ്ഞു വച്ചത്. ഇതിന്മേൽ ആർബിട്രേഷൻ ഹർജി നൽകി തീർപ്പാക്കാൻ തീരുമാനിച്ചതാണ്. ഓരോ ഹർജിയിലും ആർബിട്രേഷൻ നടപടികൾ പല ഘട്ടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും  ഭൂരിഭാഗവും ഉടമകൾക്കും ഇനിയും പണം കിട്ടിയില്ല. നൂറോളം ഉടമകൾക്കു 400 കോടി രൂപയാണ് നൽകാനുള്ളത്.

വാടക മുറികൾ ഉൾപ്പെടെ ഒഴിപ്പിച്ചതിനാൽ ഉടമകൾക്കു കിട്ടിയിരുന്ന പ്രതിമാസ വരുമാനം പോലും  നഷ്ടമായി. നഷ്ട പരിഹാര തുക പ്രതീക്ഷിച്ചു പകരം ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അഡ്വാൻസ് നൽകിയവർ ഉൾപ്പെടെ ഇത് കാരണം കുരുക്കിലായി. ഈ സാഹചര്യത്തിൽ ആണ് ഏതാനും ഉടമകൾ കോടതിയെ സമീപിച്ചത്. ഇവർക്കു നൽകാനുള്ള പണം  ആർബിട്രേറ്റർ കൂടിയായ കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.  ഓണാവധി കാലത്തു പോലും ഭൂമി ഏറ്റെടുക്കൽ വിഭാഗം അധികൃതർ ജോലി ചെയ്തിട്ടും ഏറ്റെടുത്ത ഭൂമി ഉടമകൾക്കു നഷ്ട പരിഹാര തുക കൊടുത്തു തീർക്കാനായില്ല . ആവശ്യമായ ജീവനക്കാരുടെ അഭാവവും ഉടമകൾ ബന്ധപ്പെട്ട രേഖകളുമായി നിശ്ചിത സമയത്ത് എത്താത്തതും കോവിഡ് കാലവും  ആണ് കാരണമായി ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here