തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിലെ ആശങ്ക തുടരുകയാണ്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ മുന്നണികളുടെ കരുനീക്കങ്ങളാണ് ശ്രദ്ധേയമാവുക. ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റാൻ എൽഡിഎഫും യുഡിഎഫും കൈകോർത്താൽ നഷ്ടങ്ങൾ ഏറെയുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത വിധിയെഴുത്തുണ്ടായത് കാസർഗോഡ് ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ ഭരണമാർക്കെന്ന തൃശങ്കുവിലാണ് ജില്ലയിലെ 6 പഞ്ചായത്തുകൾ.
മഞ്ചേശ്വരത്ത് 8 സീറ്റുള്ള യുഡിഎഫ് സ്വതന്ത്രരുടെ സഹകരണത്തിൽ ഭരണം നേടാനാണ് ശ്രമം. 6 സീറ്റിൽ ബിജെപിയും പിറകെയുണ്ട്. വൊർക്കാടിയിൽ എൽഡിഎഫ്- 6 ബിജെപി- 5, യുഡിഎഫ്- 4, എസ്ഡിപിഐ- 1 എന്നിങ്ങനെയാണ്. പൈവളിഗെയിൽ എൽഡിഎഫും ബിജെപിയും 8 സീറ്റ് നേടി ഒപ്പത്തിനൊപ്പമാണ്. അതേസമയം, ബദിയടുക്കയിലും കുംബഡാക്കെയിലും എൽഡിഎഫും ബിജെപിയും നേർക്കുനേരാണ്.
ഈ ഘട്ടത്തിലാണ് ബിജെപി ഇരു മുന്നണികൾക്കും മുന്നറിയിപ്പ് നൽകുന്നത്. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ 2015ലേതു പോലെ വിട്ടുവീഴ്ചകൾ ചെയ്താൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്.
2015 ലും ബിജെപി 5 ഇടത്ത് ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ, രണ്ടിടത്ത് മാത്രമാണ് ഭരിക്കാനായത്. ഇത്തവണയും വ്യക്തമായ ഭൂരിപക്ഷമുള്ളതും രണ്ട് പഞ്ചായത്തുകളിൽ തന്നെ. പൈവളിഗെയിൽ യുഡിഎഫ്, എൽഡിഎഫിനെ പിന്തുണക്കാനാണ് സാധ്യത. ധാരണകൾ സംഭവിച്ചാൽ ജില്ലയുടെ നിലവിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലും മാറ്റങ്ങൾ സംഭവിക്കാം. സ്വതന്ത്രരുടെ നിലപാടാണ് മറ്റു തൂക്കു ഭരണ പ്രതിസന്ധിയിൽ നിർണായകമാകുന്നതെങ്കിൽ കാസർഗോഡ് പ്രധാന മുന്നണികളുടെ രാഷ്ട്രീയ സമവാക്യങ്ങളാണ് ശ്രദ്ധേയമാവുക.