ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി, കണ്ടാലറിയുന്ന രണ്ട് പേരെ കൂടി പ്രതിചേർത്ത് പൊലീസ്

0
229

കാസർകോട്: കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരിച്ച ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സുഹൃത്ത് റിയാസ് ആരോപിച്ചു. കുത്തേറ്റ വീണ ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തലക്ക് പരിക്കേറ്റ ലീഗ് പ്രവർത്തകൻ ഇർഷാദ് നിലവിൽ ചികിത്സയിലാണ്.

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ആക്രമണത്തിനും കൊലപാതകത്തിനും പിന്നിൽ മുസ്ലീംലീഗെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ലീഗ്, ഡിവൈഎഫ്ഐ സംഘർഷമുണ്ടായിരുന്നു. അതേസമയം, ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്.

കാന്തപുരം എപി വിഭാഗത്തിന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്. ആക്രമണത്തിൽ പ്രതിഷേധിച്ച് കാ‌ഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഔഫിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔഫിൻ്റെ കൊവിഡ് ഫലം വന്ന ശേഷം ഉച്ചയോടെ പോസ്റ്റ്മോർട്ടമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here