കാസർകോട് : ജില്ലയിലെ രണ്ട് നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി ഒറ്റയക്ക ലീഡിൽ ഫലം മറിഞ്ഞത് 26 വാർഡുകളിൽ. അഞ്ച് സീറ്റുകളിൽ ഒരു വോട്ടിനും മൂന്നിടത്ത് രണ്ട് വോട്ടിനുമാണ് ജയപരാജയമുണ്ടായത്. കാസർകോട്, നീലേശ്വരം നഗരസഭകളിലെയും വെസ്റ്റ് എളേരി, ബദിയഡുക്ക, ബെള്ളൂർ, കുറ്റിക്കോൽ, ബളാൽ, ചെമ്മനാട്, ദേലംപാടി, എൻമകജെ, കാറഡുക്ക, കോടോം-ബേളൂർ, കുമ്പഡാജെ, മംഗൽപാടി, പനത്തടി, ഉദുമ പഞ്ചായത്തുകളിലെയും വാർഡുകളിലാണ് ഒരക്ക വോട്ടുകൾ ജയപരാജയം നിശ്ചയിച്ചത്.
വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഒരക്കത്തിൽ ഫലംമാറിയ കൂടുതൽ വാർഡുകളുള്ളത്. നാല് സീറ്റുകളാണ് ഇത്തരത്തിലുള്ളത്. കരുവങ്കയം കൂടാതെ ഭീമനടി (ആറ്), പുന്നക്കുന്ന് (ഒമ്പത്), മൗക്കോട് (എട്ട്) വാർഡുകളിൽ വിജയിച്ചവർക്കും ഒരക്ക ലീഡാണുള്ളത്. ഒരു വോട്ടിന് ജയിച്ച അഞ്ച് വാർഡുകളാണ് ജില്ലയിലുള്ളത്. ദേലംപാടി പഞ്ചായത്ത് ദേലംപാടി വാർഡിൽ യു.ഡി.എഫ്., കോടോം ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര വാർഡിൽ സ്വതന്ത്രൻ, പനത്തടി കല്ലപ്പള്ളി വാർഡിൽ എൽ.ഡി.എഫ്., ഉദുമ കോട്ടിക്കുളത്ത് ബി.ജെ.പി., വെസ്റ്റ്എളേരി പഞ്ചായത്തിലെ കരുവങ്കയത്ത് യു.ഡി.എഫ്. എന്നിവയുടെ സ്ഥാനാർഥികളാണ് ഒരു വോട്ടിന് വിജയിച്ചവർ.
കാസർകോട് നഗരസഭയിലെ മീൻ മാർക്കറ്റ് വാർഡിൽ മത്സരിച്ച ലീഗിന് എതിരായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി രണ്ട് വോട്ടിനാണ് വിജയിച്ചത്. നീലേശ്വരം നഗരസഭയിൽ പടിഞ്ഞാറ്റം കൊഴുവൽ ഈസ്റ്റ് വാർഡിൽ മൂന്ന് വോട്ടിനാണ് യു.ഡി.എഫ്. സ്ഥാനാർഥി ബി.ജെ.പി.യെ പരാജയപ്പെടുത്തിയത്. ബെള്ളൂർ പഞ്ചായത്തിലെ കിന്നിംഗാർ (ഏഴ്), കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം (രണ്ട്), ബദിയഡുക്ക പഞ്ചായത്തിലെ കുണ്ടമൂല (എട്ട്), പള്ളത്തടുക്ക (രണ്ട്), ബദിയഡുക്ക (ആറ്), ബളാൽ പഞ്ചായത്തിലെ മരുതംകുളം (ഒമ്പത്), ചെമ്മനാട് പഞ്ചായത്തിലെ കളനാട് (എട്ട്), ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാന (നാല്), എൻമകജെ വാണിനഗർ (അഞ്ച്), കാറഡുക്ക പഞ്ചായത്തിലെ മിഞ്ചിപ്പദവ് (മൂന്ന്), ബള്ളക്ക (അഞ്ച്), കോടോം-ബേളൂർ മയ്യങ്കനം (ഏഴ്), കുമ്പഡാജെ ബെളിഞ്ച (ഏഴ്), മംഗൽപാടി സോങ്കാൽ (ഒമ്പത്), മുട്ടം (അഞ്ച്), പനത്തടി പഞ്ചായത്തിലെ പാണത്തൂർ (ഏഴ്) എന്നിവയാണ് ഒറ്റയക്ക ലീഡ് മത്സരഫലം നിശ്ചയിച്ച മറ്റു വാർഡുകൾ.
വോട്ടുകണക്ക് -നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ -കാസർകോട്
എല്ലാ നിയോജക മണ്ഡലവും നിലവിലെ സ്ഥിതിയിൽ തുടരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഞ്ചേശ്വരവും കാസർകോടും യു.ഡി.എഫിനൊപ്പവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവ എൽ.ഡി.എഫിനൊപ്പവും തുടരും.
(ബ്രാക്കറ്റിൽ 2016-ൽ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക്. മഞ്ചേശ്വരത്ത് നൽകിയത് 2019-ൽ നടന്ന ഉപതിഞ്ഞെടുപ്പിലെ കണക്ക്)
മഞ്ചേശ്വരം
(മുന്നിൽ യു.ഡി.എഫ്.)
യു.ഡി.എഫ് 52,489 (65407)
എൽ.ഡി.എഫ് 47,525 (38233)
എൻ.ഡി.എ 49,363 (57484)
ഭൂരിപക്ഷം 3126 (7923)
കാസർകോട്
(മുന്നിൽ യു.ഡി.എഫ്.)
യു.ഡി.എഫ് 59,541 (64727)
എൽ.ഡി.എഫ് 35743 (21615)
എൻ.ഡി.എ. 50127 (56120)
ഭൂരിപക്ഷം 9414 (8607)
ഉദുമ
(മുന്നിൽ എൽ.ഡി.എഫ്.)
യു.ഡി.എഫ്. 65428 (66847)
എൽ.ഡി.എഫ്. 74978 (70679)
എൻ.ഡി.എ. 22378 (21231)
ഭൂരിപക്ഷം 9550 (3832)
കാഞ്ഞങ്ങാട്
(മുന്നിൽ എൽ.ഡി.എഫ്.)
യു.ഡി.എഫ്. 60547 (54547)
എൽ.ഡി.എഫ്. 81836 (80558)
എൻ.ഡി.എ. 21541 (21104)
ഭൂരിപക്ഷം. 21289 (26011)
(ഈ നിയോജക മണ്ഡലത്തിലെ മടിക്കൈ പഞ്ചായത്തിൽ നാല് വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു)
തൃക്കരിപ്പൂർ
(മുന്നിൽ എൽ.ഡി.എഫ്.)
യു.ഡി.എഫ്. 64873 (62327)
എൽ.ഡി.എഫ്. 82924 (79286)
എൻ.ഡി.എ. 8147 (10767)
ഭൂരിപക്ഷം 18051 (16959)
(ഈ നിയോജക മണ്ഡലത്തിലെ കയ്യൂർ-ചീമേനി പഞ്ചായത്തിലെ ഒരു വാർഡിൽ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു)