ബെംഗളൂരു (www.mediavisionnews.in): ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ച അർധരാത്രി മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അഭ്യർഥിച്ചു. പുതിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം ഇന്നലെ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. എന്നാൽ സംസ്ഥാനാന്തര യാത്രകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല. ജനുവരി ഒന്നു മുതൽ 10, 12 ക്ലാസുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തിനു ശേഷം യാതൊരു പരിപാടികളും അനുവദിക്കില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതൽ ജനുവരി 5 വരെ മഹാരാഷ്ട്രയിലും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് മഹാരാഷ്ട്രയിൽ കർഫ്യൂ.