തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്.
ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്.
സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കര്‍ഷകര്‍ക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്. പുതിയ കാര്‍ഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമാനതകളില്ലാത്ത സമരമാണ് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന് കെ.സി ജോസഫ് സംസാരിച്ചു.
കര്‍ഷക പ്രക്ഷോഭം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്‌നമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവേ മാണി സി കാപ്പന്‍ ആരോപിച്ചു.
കേന്ദ്ര നിയമം കര്‍ഷക താത്പര്യത്തിന് യോജിച്ചതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട നിയമമാണിതെന്നും പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവേ ഒ. രാജഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവേ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. ഒരു മണിക്കൂര്‍ ആണ് സഭാസമ്മേളനം.