വാക്സിനൊക്കെ വന്നോട്ടെ; പക്ഷേ കൊല്ലത്ത് ‘കൊറോണ’ ജയിക്കാനായി വീടുകയറി ഇറങ്ങുകയാണ്

0
251

കൊല്ലം:  ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ കൊല്ലം മതിലിൽ ‘കൊറോണ’ യെ ജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി പ്രവർത്തകർ. ഇക്കാര്യത്തിൽ ബി ജെ പിയെ സംശയിക്കാൻ വരട്ടെ.  കൊറോണയെന്നാൽ കൊറോണ തോമസ്. ബി ജെ പി സ്ഥാനാർത്ഥി. കൊല്ലം നഗരസഭ മതിലിൽ ഡിവിഷനിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി കൊറോണ തോമസ് മത്സരിക്കുന്നത്.

ലോകം മുഴുവൻ കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് എങ്ങനെയെങ്കിലും മതിലിൽ ഡിവിഷനിൽ ജയിച്ചു കയറാൻ ഈ സ്ഥാനാർത്ഥിയുടെ കഠിന പ്രയത്നം. വീടുകളിൽ നിന്നൊക്കെ നല്ല പ്രതികരണം ലഭിക്കുന്നുവെന്ന് കൊറോണ തോമസ് പറയുന്നു. പരിചിതമായ പദമായതിനാൽ അതു തന്നെ മികച്ച പബ്ലിസിറ്റിയാണ്.

കൊറോണയ്ക്ക് ഈ പേര് ലഭിച്ചതിലും ഒരു കഥയുണ്ട്. 25 വർഷം മുൻപ് കാട്ടുവിളയിൽ കാട്ടു തോമസ് എന്ന തോമസ് മാത്യുവിനും ഭാര്യ ഷീബയ്ക്കും ഇരട്ട പെൺകുട്ടികൾ ജനിച്ചു. മക്കൾക്ക് വ്യത്യസ്തമായ പേര് നൽകണമെന്ന് തോമസിന് കലശലായ ആഗ്രഹം. പലരോടും ചോദിച്ചെങ്കിലും കൗതുകമുള്ള പേര് കിട്ടിയില്ല. ഒടുവിൽ ഡിക്ഷ്ണറി പരതി രണ്ട് പേരുകൾ കണ്ടെത്തി. കൊറോണയും കോറലും. പ്രകാശവലയം എന്നാണ് കൊറോണയുടെ അർത്ഥം. കോറലാകട്ടെ പവിഴവും. കാൽ നൂറ്റാണ്ടിനു ശേഷം ലോകം ചർച്ച ചെയ്യുന്ന പേരായി കൊറോണ മാറി.

കൊറോണ തോമസിന് കൊറോണ പിടിപെട്ട സംഭവവുമുണ്ടായി. രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവശേഷം കുഞ്ഞിലും രോഗം കണ്ടെത്തി. നിരവധി ദിവസം അമ്മയും കുഞ്ഞും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് രണ്ടു പേരും നെഗറ്റീവായി. കൊറോണയുടെ മൂത്ത മകൻ അർണവ്, മകൾ അർപ്പിത. സംസ്ഥാനത്ത് കോവിഡ് അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു കൂടിയാണ് അർപ്പിത.
മതിലിൽ ഡിവിഷനിൽ കൊറോണയ്ക്കു വേണ്ടിയുള്ള ചുവരെഴുത്തുകൾ വഴിയാത്രക്കാർക്ക് കൗതുകമാവുകയാണ്. പ്രചരണ സമയത്ത് രോഗ പ്രതിരോധത്തിനുള്ള സന്ദേശവും കൊറോണ തോമസ് വോട്ടർമാർക്ക് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here