ആലപ്പുഴ: വോട്ടർമാരെ കുഴയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ എതിർ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള അപരന്മാരെ നിർത്തുന്നത് കാലങ്ങളായി നടന്നുവരുന്ന ഒരു തെരഞ്ഞെടുപ്പ് ‘ആചാര’മാണ്. അപരന്മാർ വോട്ട് പിടിച്ചതുവഴി പരാജയത്തിന്റെ കയ്പ്പുനീരുകുടിച്ചവർ ഒട്ടനവധിയാണ്. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് അപരന്മാരെ പേടിക്കാതെ ധൈര്യമായി മുന്നോട്ടുപോകാം. കാരണം സ്ഥാനാർഥിയുടെ പേര് കിങ് കോങ് എന്നാണ്.
1963ൽ ഹോളിവുഡ് സിനിമയിൽ ആകൃഷ്ടനായാണ് മകന് കിങ് കോങ് എന്ന പേര് അച്ഛൻ ഇട്ടത്. ഈ പേര് 57 വർഷംകഴിഞ്ഞ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്റെ മകന് സഹായകമാകുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചുപോലും കാണില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പേരിന്റെ കാര്യത്തിൽ അച്ഛനോട് നന്ദി പറയുകയാണ് കിങ് കോങ് എന്ന സ്ഥാനാർഥി.
”പ്രശസ്തമായ ഹോളിവുഡ് ഹൊറർ സിനിമ കിങ് കോങ് കണിച്ചുകുളങ്ങരയിലെ തിയറ്ററിൽ നിന്ന് കണ്ട് അച്ഛൻ ഏറെ ത്രില്ലടിച്ചു. അങ്ങനെയാണ് മകനായ എനിക്ക് കിങ് കോങ് എന്ന് പേരിട്ടത്. അത് എനിക്ക് ജനപ്രീതി നേടിതന്നു. വോട്ടർമാരെ പേരുപറഞ്ഞ് പരിചയപ്പെടുത്തിയാൽ അവർ ഒരിക്കലും എന്റേ പേര് മറക്കില്ലെന്നുറപ്പാണ്. അതൊരു നേട്ടമാണ്”- കിങ് കോങ്ങിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പൊക്ലാശ്ശേരി നാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കിങ് കോങ്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓട്ടോകാസ്റ്റിലെ കരാർ ജീവനക്കാരനാണ്. ഐഎൻടിയുസിയുടെ യൂണിറ്റ് സെക്രട്ടറി കൂടിയാണ്.
കിങ് കോങ്ങിൽ ഒതുങ്ങുന്നതല്ല, ആലപ്പുഴയിലെ സ്ഥാനാർഥികളുടെ പേരിലെ വൈവിധ്യം. ബിൽകുൽ പികെയും മൗലാന അബ്ദുൽ കലാം ആസാദും യഥാക്രമം വയലാർ പഞ്ചായത്തിലെ 14ാം വാർഡിലെയും മണ്ണാഞ്ചേരി പഞ്ചായത്തിലെ അഞ്ചാംം വാർഡിലെയും എൽഡിഎഫ് സ്ഥാനാർഥികളാണ്. ലവൻ എന്നാണ് മാന്നാർ പഞ്ചായത്തിലെ 15ാം വാർഡിലെ ബിജെപി സ്ഥാനാർഥിയുടെ പേര്.