തൃക്കരിപ്പൂർ ∙ പന്തുകളിയിലെ കരുത്തൻ. നിലവിൽ ജില്ലയിൽ ഫുട്ബോളിനു ഉൗർജം പകരുന്ന സംഘാടകൻ. ഇപ്പോൾ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ പോരാളി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് പടന്ന പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അങ്കത്തിനു കച്ച മുറുക്കിയപ്പോൾ ഫുട്ബോൾ കളത്തിലെ ആവേശമുണ്ട് കാഴ്ചക്കാരിൽ. ഉത്തര കേരളത്തിലെ കളി മൈതാനങ്ങളിലെ ആരവമായിരുന്നു റഫീഖ്.
പടന്ന ഷൂട്ടേഴ്സിന്റെ ഷാർപ് ഷൂട്ടർ. കളിക്കാരന്റെ കുപ്പായം ഉൗരി നേരെ എത്തിയത് ഫുട്ബോൾ സംഘാടകനായി. ഡിഎഫ്എയുടെ തലപ്പത്ത് എത്തിയപ്പോൾ കളിക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലായി. മുസ്‍ലിം യൂത്ത് ലീഗിന്റെ പോരാളിയായിരുന്ന റഫീഖ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരക്കളത്തിൽ ഓടിത്തുടങ്ങുമ്പോൾ കളി മൈതാനങ്ങളിലെ ആരവം ഓർത്തെടുക്കുന്നു.