വടക്കൻ നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ 110 കര്‍ഷകര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരിക്ക് സമീപം കൊഷോബെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊന്നത്. ബോകോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ പോയ ഗ്രാമീണര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ബോകോ ഹറാമിന്റെ ഭീഷണി കാരണം നിരവധി തവണ ബോര്‍ണോ എന്ന സംസ്ഥാനത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ടിവന്നിരുന്നു.
ആയുധധാരികളായ ഭീകരർ കർഷകരെ വളഞ്ഞ് വെടിവെച്ചും കഴുത്തറുത്തും കൊല്ലുകയായിരുന്നു. ആദ്യം 43 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മരണസംഖ്യ 73 ആയും ഇന്ന് 110 ആയും ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
സാധാരണക്കാര്‍ക്ക് നേരെ ഈ വര്‍ഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്റര്‍ എഡ്വേര്‍ഡ് കലോന്‍ പറഞ്ഞു. ഈ ക്രൂരത ചെയ്ത മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും അദ്ദേഹം പ്രതികരിച്ചു.
നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു. ഈ ക്രൂരത രാജ്യത്തെയാകെ മുറിവേല്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.