കര്‍ണാടകയിലും ഗോവധ നിരോധനം; നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

0
209

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയില്‍ സമീപഭാവിയില്‍ തന്നെ ഗോവധ നിരോധനം നടപ്പാക്കും. മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കുകയും ചെയ്യും, സി.ടി രവി ട്വീറ്റ് ചെയ്തു.

നേരത്തെ മതപരിവര്‍ത്തനം സംബന്ധിച്ചും വിവാദ പരാമര്‍ശം നടത്തിയ നേതാവാണ് സി.ടി രവി. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലും വിവാഹത്തിനായുള്ള മതംമാറ്റത്തെ നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുന്നു. ഇത് കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല ഞങ്ങള്‍. ഏതെങ്കിലും തരത്തില്‍ ഇത്തരത്തില്‍ മതംമാറ്റത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ കഠിനശിക്ഷ ഏര്‍പ്പെടുത്തും’, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നേരത്തെ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 6 നാണ് അദ്ദേഹത്തിന്റ ഈ പ്രഖ്യാപനമുണ്ടായത്.

ലൗ ജിഹാദ് സാമൂഹിക വിപത്താണെന്നും നിയന്ത്രിക്കാന്‍ അനിവാര്യമായ നിയമം കൊണ്ടുവരുമെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്.

ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ കാണുന്നു. ഇതേപ്പറ്റി ഉദ്യോഗസ്ഥരോട് ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് സ്ഥിതിയെന്നറിയില്ല. കര്‍ണ്ണാടകയില്‍ ഇത് തുടരാന്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ പണവും സ്‌നേഹവും കാണിച്ച് പ്രലോഭിപ്പിച്ച് മതംമാറ്റുന്നത് ഗൗരവമായി കാണുന്നു. ഇതിനെതിരെ കനത്ത നടപടികള്‍ സ്വീകരിക്കും-എന്നാണ് യെദിയൂരപ്പ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here