മലപ്പുറം: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരസ്യബോർഡിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഫിറോസിന്റെ ഫോട്ടോയും കാണാൻ സാധിക്കുന്നത്. മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ കുരുണിയൻ ഹസീന ഹക്കീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രവും കാണുന്നത്.
തവനൂരില്‍ കെ.ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ തവനൂരില്‍ മത്സരിക്കില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ഫിറോസിന്റെ മുഖം ഇടം പിടിച്ചത്. അതേസമയം ഇതേ വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരും കുരുണിയൻ ഹസീന എന്നത് തന്നെയാണെന്നും കൗതുകകരമാണ്.