തിരുവനന്തപുരം∙ കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രമേ രാജി വയ്ക്കേണ്ട കാര്യമുള്ളൂവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാെടന്ന് എസ്. രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഇന്നു രാവിലെയാണ്. സ്വകാര്യവാഹനത്തില്‍ രാവിലെ കൊച്ചി ഇഡി ഒാഫിസിലെത്തിയ ജലീല്‍ ഒരു മണിയോടെയാണ് ഒാഫിസ് വിട്ടത്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജലീലിനെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.