മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മംഗളൂരു നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ വെള്ളിയാഴ്ച ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മംഗളൂരു കൊട്ടാരചൗക്കി, ബജാൽ, അഡ്യാർ, കണ്ണൂർ, തുമ്പെ, മുഡിപ്പു, ഹരേക്കള, ജപ്പിനമൊഗരു, കൊണാജെ, അലാക്കെ, പടീൽ, ബർക്കെ, പമ്പുവെൽ, നന്തൂർ ഭാഗങ്ങളിൽ വെള്ളം കയറി. നേത്രാവതി പുഴയുടെ തീരത്തുള്ള ജപ്പിനമൊഗരു ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കുംടിക്കാനയിൽ അപ്പാർട്ടുമെന്റിന്റെ സുരക്ഷാഭിത്തി നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീണു. നാല് കാറുകൾ ഉൾപ്പെടെ പത്തോളം വാഹനങ്ങൾ മണ്ണിനടിയിലായി. കൊണാജെ പട്ടോറിയിൽ മണ്ണിടിഞ്ഞ് വീടിനു മുകളിൽ വീണ് വീട് ഭാഗികമായി തകർന്നു. ഭദ്രമ്മയുടെ വീടാണ് തകർന്നത്. ആളപായമില്ല.