സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം, സമൂഹ വ്യാപനത്തിന് സാദ്ധ്യത, കാസർകോട് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

0
202

കാസര്‍കോട്: കാസർകോട് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നാണ് സൂചന. കർണാടകയിൽ ജോലിക്കുപോയ അഞ്ച് പേർക്കാണ് രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.

ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്നത് സമൂഹം വ്യാപന സാദ്ധ്യതയാണെന്നാണ് വിലയിരുത്തൽ. അത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിൽ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.

സമ്പർക്കം വഴി രോഗങ്ങൾ ഉണ്ടായവരിൽ അധികവും കർണാടകയിൽ പോയവരാണ്. ദിവസേന അതിർത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവർ കർണാടകയിൽ 28 ദിവസം താമസിച്ച ശേഷം കേരളത്തിൽ എത്തിയാൽ മതി. കർണാടകയിൽ നിന്നും കേരളത്തിൽ ജോലിക്ക് എത്തുന്നവർക്കും ഇത് ബാധകമാണെന്ന് മന്ത്രി വിശദീകരിച്ചു. ബേക്കൽ കോട്ട വിദേശികൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനവും പിൻവലിച്ചു.

അതിർത്തി പ്രദേശങ്ങളിലെ ഊടു വഴിയിലൂടെ നടന്നു വരുന്ന വരെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനുമാണ് നിരീക്ഷണ ചുമതല. കർണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താത്ക്കാലികമായി നിർത്തിവച്ചു. പാസ് ഉപയോഗിച്ച് ഇനി ആർക്കും ചെയ്യാനാവില്ലന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here