തിരുവനന്തപുരം: (www.mediavisionnews.in) കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട കാലിയ റഫീക്കിന്റെ പക്കൽനിന്ന് കാസർകോട് പൊലീസ് 2013 ൽ ആയുധങ്ങൾ കണ്ടെത്തിയ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണിത്.
കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം, 2017ൽ കാലിയ റഫീക്ക് മരിച്ചതിനെത്തുടര്‍ന്ന് നിലച്ചിരുന്നു. അവ്യക്തമായ ചാര്‍ജ് ഷീറ്റാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ രവി പൂജാരിക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഡിജിപിയെ അറിയിച്ചതിനെത്തുടർന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനോ സംഘത്തെ രൂപീകരിക്കാനോ ഉള്ള ചുമതല ക്രൈംബ്രാഞ്ച് മേധാവിക്കാണ്.
ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായ രവി പൂജാരിയെ റോയും കർണാടക പൊലീസും നാട്ടിലെത്തിച്ചിരുന്നു. കേരള പൊലീസും കർണാടകയിലെത്തി ഇയാളെ ചോദ്യം ചെയ്തു. കോവിഡ് വ്യാപനത്തെത്തുടർന്ന്, കർണാടക പൊലീസുമായി സഹകരിച്ചുള്ള അന്വേഷണം പിന്നീട് സാധ്യമായില്ല. ഇന്ത്യയിൽ രവി പൂജാരിക്കെതിരെ കൊലപാതകം അടക്കം ഇരുന്നൂറിലേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ബ്യൂട്ടിപാർലറിൽ നടന്ന വെടിവയ്പ്പിലും രവി പൂജാരിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.