ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് കൊവിഡ്

0
196

സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സി.എന്‍.എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ ബൊല്‍സൊനാരോ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും ബൊല്‍സൊനാരോ പറഞ്ഞു.

ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍ഡറിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍ നിലവില്‍. 1,628, 283 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 65,631 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പല സന്ദര്‍ഭങ്ങളിലും ബൊല്‍സൊനാരോ കൊവിഡിനെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖല തകരും എന്നാണ് ലോക്ഡൗണ്‍ ഉള്‍പ്പെടയുള്ള നിയന്ത്രണങ്ങളെ എതിര്‍ക്കാന്‍ ബൊല്‍സൊനാരോ കാരണമായി പറഞ്ഞത്.

‘ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,’ മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്.

കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സൊനാരോ ഈ വൈറസിനെതിരെയുള്ള മുന്‍ കരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു ഒരു വേള പറഞ്ഞിരുന്നു. അടുത്തിടെ മാസ്‌ക് ധരിക്കാത്തതിന് ബൊല്‍ഡസൊനാരോയെ ബ്രസീലിയന്‍ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here