തിരുവനന്തപുരം: സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെ കർശന നടപടി സ്വീകരിച്ച് പിണറായി. വിശ്വസ്തനായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. മുൻകണ്ണൂർ കളക്ടറായ മിർ മുഹമ്മദായിരിക്കും ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി.
നേരത്തെ സ്പ്രിംഗ്ളർ വിവാദത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോൾ മുതൽ ഐടി സെക്രട്ടറി കൂടിയായ എം.ശിവശങ്കർ വിമർശനങ്ങളുടെ നടുവിലായിരുന്നു. ഇന്നലെ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരുന്നു.
ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദമുണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടരും.