സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് കുടുംബം. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സുഷാന്തിന്റെ അമ്മയുടെ സഹോദരനാണ് ഇതേപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മാവൻ പറയുന്നതിങ്ങനെ:
“അവൻ അത്മഹത്യ ചെയ്തതായി കരുതുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്. അവനെ കൊന്നതാണ്,” അദ്ദേഹം പറയുന്നു. പക്ഷെ സുഷാന്തിന്റെ ആന്തരികാവയവ പരിശോധന നൽകുന്ന സൂചന ഇപ്രകാരമാണ്
മുംബൈയിലെ ഡോക്ടർ ആർ.എൻ. കൂപ്പർ മുനിസിപ്പൽ ജനറൽ ഹോസ്പിറ്റലിലാണ് ആന്തരികാവയവങ്ങളുടെ പരിശോധന നടന്നത്. പ്രഥമ ദൃഷ്‌ടിയിൽ ആത്മഹത്യ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിഷാംശമുള്ള പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
ജൻ അധികാർ പാർട്ട് തലവൻ പപ്പു യാദവും മരണം കൊലപാതകമെന്ന് ആരോപിക്കുന്നുണ്ട്. സി.ബി.ഐ. അന്വേഷണം വേണമെന്നാണ് പപ്പു യാദവിന്റെ ആവശ്യം
കഴിഞ്ഞ ദിവസം 34കാരനായ സുഷാന്തിന്റെ മൃതദേഹം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മുംബൈയിലെ വസതിയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുജോലിക്കാരിൽ ഒരാൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വാതിൽ പൊളിച്ചാണ് അകത്തുകടന്നത്.
സുഷാന്തിന്റെ മാനേജരുടെ ആത്മഹത്യക്കു ശേഷം ആറാം ദിവസമാണ് സുഷാന്തിന്റെ മരണം സംഭവിക്കുന്നത്