യു.ഡി.എഫുമായി സഖ്യത്തിന് ശ്രമം; വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും എസ്.ഡി.പി.ഐയില്‍ നിന്നും നേതാക്കളുടെ രാജി

0
183

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും എസ്.ഡി.പി.ഐയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും രാജിവെക്കുന്നു.

വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവെച്ചിരുന്നു. ഇതോടൊപ്പം എസ്.ഡി.പി.ഐ നേതാവ് എം.കെ മനോജ് കുമാറും പാര്‍ട്ടി വിട്ടു.

യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യ സാധ്യതാ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രധാനകകക്ഷിയായ മുസ്‌ലിം ലീഗിന്റെ നേതാവിനെതിരെ പ്രതികരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുണ്ടായിരുന്നെന്ന് ശ്രീജ നേരത്തെ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. ഇതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ശ്രീജ പാര്‍ട്ടി വിട്ടത്.

സമാന ആരോപണം ഉന്നയിച്ചാണ് മനോജ് കുമാര്‍ എസ്.ഡി.പി.ഐ വിടുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ശ്രമം നടത്തുന്നുണ്ടെന്നും അത്തരക്കാരെ പിന്തുണയ്ക്കരുതെന്നും മനോജ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് എം.എല്‍.എമാരെ സൃഷ്ടിക്കാന്‍ വീണ്ടും എല്‍.ഡി.എഫും യു.ഡി.എഫും പൂര്‍വ്വാധികം ഉത്സാഹിച്ച് വോട്ട് മറിച്ച് പണിയെടുക്കും. അഞ്ച് പേരെ വീതം ജയിപ്പിക്കാന്‍ ഇതിനകം രണ്ട് മുന്നണികളും കോണ്‍ട്രാക്റ്റ് എടുത്തിട്ടുണ്ടാകാം.
അപ്പോള്‍ സംഘപരിവാരത്തെ ‘പ്രതിരോധിക്കാന്‍ ‘ വേണ്ടി സംഘപരിവാര്‍ വിരുദ്ധത പറയുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് തരാതരം പോലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ‘വിപ്പ് ‘നല്‍കും. എന്നിട്ട് പറയും ,സംഘപരിവാരത്തെ പ്രതിരോധിക്കാന്‍ ഇതേയുള്ളൂ പോംവഴി എന്ന്. എത്ര നാള്‍ ഈ അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ് തുടരാനാകും?’, മനോജ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കടുത്ത അഭിപ്രായ വ്യത്യാസമാണ് യു.ഡി.എഫുമായുള്ള സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കുള്ളിലും എസ്.ഡി.പി.ഐയ്ക്കുള്ളിലും ഉയരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നത് എന്ന കാര്യം മറക്കരുതെന്ന് എസ്.ഡി.പി.ഐ നേതൃത്വത്തോട് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യസാധ്യത പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് പരസ്യമായി അറിയിച്ചിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പരിഗണനയിലാണെന്നും സഖ്യത്തിലേക്ക് നീങ്ങുകയാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തന്നെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചുരുങ്ങിയത് പത്തിലധികം MLA മാരെ സൃഷ്ടിച്ചെടുക്കാനുള്ള അണിയറ നീക്കങ്ങൾ…

Posted by Mk Manoj Kumar on Sunday, June 21, 2020

LEAVE A REPLY

Please enter your comment!
Please enter your name here