മംഗളൂരു: (www.mediavisionnews.in) പിലിക്കുള നിസർഗദാമ വന്യമൃഗശാലയിലെ 15 പുള്ളിമാനുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് മതിലുചാടി എത്തിയ തെരുവുനായ്ക്കൾ പാർക്കിലേക്ക് ഇരച്ചുകയറിയത്. മൃഗങ്ങളെ കൂട്ടിലടയ്ക്കാതെ തുറന്നസ്ഥലത്ത് മേയാൻ വിടുന്ന പാർക്കാണിത്. ഇത്തരത്തിൽ മേയുന്നതിനിടെയാണ് നായകൾ മാനുകളെ കടിച്ചുകൊന്നത്.
എല്ലാ മാനുകളുടേയും കഴുത്തിനാണ് കടിയേറ്റത്. എന്നാൽ ഇവയെ നായകൾ ഭക്ഷിച്ചിട്ടില്ല. രണ്ട് മാനുകൾക്ക് കടിയേറ്റപരിക്കുകളുണ്ട്. ഇവയെ ഇവിടെത്തന്നെ ചികിത്സിക്കുകയാണ്. സമീപത്തെ മാലിന്യകേന്ദ്രത്തിൽ നിന്നാണ് നായ്ക്കൾ മതിലുചാടിയെത്തിയത്. മൃഗശാലയിൽ മാനുകളുടെ എണ്ണം കൂടിയതോടെ ചിലതിനെ കാട്ടിൽ വിടാനുള്ള ഒരുക്കങ്ങൾ അധികൃതർ നടത്തുന്നതിനിടെയാണ് നായകളുടെ ആക്രമണം.മാനുകൾ ചാവാനിടയായത് മൃഗശാലാ അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് മൃഗസ്‌നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.