കൊവിഡ് അതിജീവനത്തിലേക്ക് യുഎഇ; രോഗികളുടെ എണ്ണം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

0
222

അബുദാബി: യു.എ.ഇയിലെ കൊവിഡ് രോഗികളുടെ എണ്ണം മേയ് രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. നിലവില്‍ രാജ്യത്ത് 11,090 രോഗികളാണുള്ളത്. കഴിഞ്ഞ 16 ദിവസങ്ങളില്‍ തുടര്‍ച്ചയായി പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് രാജ്യത്ത് കുടുതല്‍.

ഇന്നലെ 430 പേരിലാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 760 പേര്‍ രോഗമുക്തരായി സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണം മാത്രമാണ് ഇന്നലെയുണ്ടായത്. ഇതുവരെ 46,563 പേരില്‍ കൊവിഡ് വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവരില്‍ 35,165 പേരും ഇതിനോടകം സുഖം പ്രാപിച്ചു. രോഗമുക്തരാവുന്നവരുടെ നിരക്ക് 75 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യത്തില്‍ ആഗോള ശരാശരി 55 ശതമാനമാണ്. ഇതുവരെ 308 പേര്‍ മരണപ്പെട്ടു. നിലവില്‍ 11,090 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

രോഗമുള്ളവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് രാജ്യത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 49,000 പരിശോധനകള്‍ നടന്നു. ഇവയില്‍ നിന്നാണ് 430 പുതിയ രോഗികളെ കണ്ടെത്തിയത്. വ്യാപക പരിശോധനകളിലൂടെ എല്ലാ രോഗികളെയും പരമാവധി നേരത്തെ കണ്ടെത്തി കൊവിഡ് അതിജീവനത്തിലേക്ക് നടന്നടുക്കുകയാണ് യുഎഇ. രോഗികളുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുന്നതും രോഗമുക്തരുടെ എണ്ണം കൂടുന്നത് ഏറെ ആശ്വാസം പകരുന്നതാണ്.

അതേസമയം ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനാവുമെന്ന പ്രതീക്ഷയും ഇന്നലെ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പങ്കുവെച്ചു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം യുഎഇയില്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിന്റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങള്‍ വിപരീത ഫലങ്ങളൊന്നുമില്ലാതെ വിജയികരമായി പൂര്‍ത്തിയായിട്ടുണ്ട്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ നിന്ന് സ്വയം സന്നദ്ധരാവുന്ന വ്യക്തികളിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുകയെന്ന് അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ന്നുവന്നിരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതോടെ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ബുധനാഴ്ചയോടെ നീക്കി. പൊതുജനങ്ങള്‍ക്ക് ഇന്നലെ മുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരും.

യുഎഇയില്‍ ഉടനീളം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാനും വ്യാഴാഴ്ച മുതല്‍ അനുമതിയുണ്ട്. കാറുകളില്‍ പരമാവധി മൂന്ന് പേര്‍ മാത്രമെന്ന നിബന്ധന തുടരുന്നു. ഇതിന് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇളവുണ്ട്. കാറില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ എല്ലാവരും മാസ്‍ക് ധരിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്കുകളും കൈയുറകളും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here