ഗുരുഗ്രാം∙ രാജ്യതലസ്ഥാനം വെട്ടുകിളി ഭീതിയിൽ. ഗുരുഗ്രാമിൽ രാവിലെ എത്തിയ വെട്ടുകിളികൾ ഡൽഹിയിയുടെ പ്രാന്തപ്രദേശങ്ങളെയും ആക്രമണഭീതിയിലാഴ്ത്തിയെന്നാണ് റിപ്പോർട്ട്. ഗുരുഗ്രാം– ദ്വാരക എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം വെട്ടുകിളി സാന്നിധ്യം കണ്ടതിനാൽ പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തി.
വലിയ കൂട്ടമായി എത്തിയ വെട്ടുകിളികൾ ആകാശം മറച്ച് പറന്നു നടക്കുന്ന ദൃശ്യങ്ങൾ ഗുരുഗ്രാമിൽ നിന്ന് രാവിലെ മുതൽ പുറത്തുവന്നിരുന്നു. ഗുരുഗ്രാമിലെ ഗ്രാമവാസികൾ ചിത്രീകരിച്ചവയാണ് ഇത്. ഗുരുഗ്രാമിലെ സൈബർ ഹബ്ബിനു ചുറ്റും ആയിരക്കണക്കിനു വെട്ടുകിളികൾ പറന്നു നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സമാനമായ ദൃശ്യങ്ങൾ ഡൽഹിയിലെ ഛത്രാപൂരിൽ നിന്നും പുറത്തുവന്നിരുന്നു.
ഗുരുഗ്രാം, റിവാരു തുടങ്ങിയ നഗരങ്ങളിൽ വെട്ടുകിളി ഭീഷണി റിപ്പോർട്ട് ചെയ്തതോടെ ഹരിയാന സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇവയെ പ്രതിരോധിക്കാൻ കീടനാശിനികൾ നിറച്ച ട്രാക്ടറുകളും മറ്റും കരുതാൻ നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു. ഗുരുഗ്രാമിൽ വെട്ടുകിളി ശല്യം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.
‘ഗുരുഗ്രാമിൽ നാശം വിതച്ച വെട്ടുകിളികൾ നിലവിൽ ഹരിയാനയിലെ പൽവാൽ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണെന്നാണ് വിവരം. എന്നാൽ അതിൽ ചെറിയൊരു ഭാഗം ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ ജസോല, ഭാട്ടി എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്. ധോൽ, ഡ്രം എന്നിവ കൊട്ടി ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കും.’– റായ് അറിയിച്ചു. ഡൽഹിയുടെ തെക്ക്, പടിഞ്ഞാറ്, തെക്കു പടിഞ്ഞാറൻ ജില്ലകളിലെ മജിസ്ട്രേറ്റുമാരോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
അടുത്ത ഗ്രാമത്തിൽ വെട്ടുകിളി സാന്നിധ്യം കണ്ടതിനെ തുടർന്ന് ഗുരിഗ്രാം നിവാസികളോട് വാതിലും ജനലുകളും അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ നിർദേശം നൽകിയിരുന്നു, രാവിലെ 11 മണിയോടെയാണ് വെട്ടുകിളികൾ എത്താൻ തുടങ്ങിയതെന്നാണ് വിവരം. കീടനാശിനി പമ്പുകൾ കരുതി വയ്ക്കണമെന്ന് കർഷകർക്കു നിർദേശം നൽകിയിരുന്നതായാണ് ഗുരുഗ്രാം ഭരണകൂടം അറിയിച്ചത്.
വെട്ടുകിളി ആക്രമണം നേരിടുന്നതിനായി 11 കൺട്രോൾ റൂമുകളാണ് കേന്ദ്ര സർക്കാർ തുറന്നിരിക്കുന്നത്. വെട്ടുകിളി ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഹരിയാന ചീഫ് സെക്രട്ടറി കെശ്നി ആനന്ദ് അറോറ കാർഷിക വകുപ്പിന് നിർദേശം നൽകിയിരുന്നു.
അന്ന് തലസ്ഥാനത്തെ തൊടാതെ വഴിമാറി പോയി
ഇന്ത്യയുടെ മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമാകുന്നതായി റിപ്പോർട്ടുണ്ട്. രാജസ്ഥാനിലാണ് വെട്ടുകിളി ആക്രമണം കൂടുതൽ റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ വഴിയെത്തുന്ന വെട്ടുക്കിളികളാണ് രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളിൽ നാശം വിതച്ചത്. 15000 ഹെക്ടറിൽ അധികം കൃഷിയിടങ്ങളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്. രാജസ്ഥാനു പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മേയ് അവസാനത്തിൽ രാജസ്ഥാനിൽ നിന്ന് ഡൽഹിയെ ലക്ഷ്യമിട്ട് പറന്ന വെട്ടുകിളികൾ വഴിമാറി മധ്യപ്രദേശിലേക്കു പോയെന്നാണ് വെട്ടുകിളി നിയന്ത്രണ ഓഫിസ് അറിയിച്ചത്. തെക്കു കിഴക്കൻ ദിശയിൽ കാറ്റു വീശിയതാണു ഡൽഹിയിലേക്കെത്തുകയായിരുന്ന സംഘത്തിന്റെ സഞ്ചാരപഥം മാറ്റിയത്. രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളിൽ നിന്ന് പുതിയ വെട്ടുകിളിക്കൂട്ടം സഞ്ചാരമാരംഭിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. 22 ശതമാനം പച്ചപ്പുള്ള ഡൽഹിയിൽ ഇവ എത്തിയാൽ വൻനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ധർ അറിയിച്ചത്.
ആഫ്രിക്കയിൽ ഒരു കൂട്ടമായി രൂപപ്പെടുന്ന വെട്ടുകിളികൾ ഇറാൻ, പാക്കിസ്ഥാൻ വഴിയാണ് ഇന്ത്യയിൽ എത്തുന്നത്. കൃത്യമായ മുന്നറിയിപ്പുകളും പരിശോധനകളും നടത്തി ഇവയെ തുരത്തിയില്ലെങ്കിൽ ചെടികൾ ഭക്ഷിക്കുകയും വിളകൾ കൂട്ടത്തോടെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായാൽ ദിവസം 150 കിലോമീറ്റർ വരെ ഇവയ്ക്കു സഞ്ചരിക്കാൻ സാധിക്കും. കൃഷിയിടങ്ങളിൽ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകൾ തിന്ന് വൻനാശനഷ്ടമുണ്ടാക്കുകയാണ് രീതി.
പടിഞ്ഞാറൻ രാജസ്ഥാനിലും ഗുജറാത്തിലുമാണു ജൂൺ മുതൽ നവംബർ വരെയുള്ള സമയത്തു വെട്ടുകിളികൾ സാധാരണ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ വെട്ടുകിളി മുന്നറിയിപ്പ് സംഘം (എൽഎംഒ) ഇക്കൊല്ലം ഏപ്രിലിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജസ്ഥാനിൽ 26 വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയിലാണു വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. ഇക്കൊല്ലം ഫെബ്രുവരി വരെ തുടർന്ന ആക്രമണത്തിൽ 12 ജില്ലകളിലായി 6,70,000 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്.