തിരുവനന്തപുരം: സംസ്ഥാനത്ത് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ എട്ടാം ദിവസം മടങ്ങണമെന്ന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഇങ്ങനെയെത്തുന്നവർ ഏഴ് ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതൽ ദിവസം തങ്ങിയാൽ കേസെടുക്കുമെന്നുമാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ കൊവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്. അതാത് ജില്ലാ കളക്ടർമാരാണ് പാസ് അനുവദിക്കുക. കേരളത്തിൽ എത്തിയാൽ നേരേ താമസസ്ഥലത്തേക്ക് പോകണം. സർക്കാരിന്റെ അനുമതിയില്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യരുതെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ വരുന്ന ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് നേരത്തെ ക്വാറന്റീൻ ഇളവ് അനുവദിച്ചിരുന്നത്.സംസ്ഥാനത്ത് കൂടുതൽ ദിവസം തങ്ങിയാൽ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെയാകും കേസ് രജിസ്‌റ്റർ ചെയ്യുക.
അതേസമയം പുതിയ ഉത്തരവിൽ പരീക്ഷ എഴുതാൻ വരുന്നവർക്കായി ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവരും ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ പാടില്ല. പരീക്ഷ എഴുതുന്നർ മറ്റൊരു സ്ഥലത്തേക്ക് പോവുകയും ചെയ്യരുതെന്നാണ് നിർദേശം. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് താമസിക്കാനും പാടില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.