കൊലവിളി മുദ്രാവാക്യം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി; അഞ്ചു പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

0
184

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യിൽ അച്ചടക്ക നടപടി. മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷഫീഖിനെതിരെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. ഷഫീഖിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്‌തു.

ഷഫീഖാണ് പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച് കൊടുത്തത് അരിയിൽ ഷുക്കൂർ വധക്കേസിൽ പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും സി.പി.എമ്മിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് പ്രകടനത്തെ തള്ളിപ്പറഞ്ഞു.

കൊലവിളി പ്രകടനത്തിൽ പ്രതികളായ അഞ്ചുപേരേയും ഇന്നു തന്നെ അറസ്റ്റുചെയ്യുമെന്ന് എടക്കര പൊലീസ് അറിയിച്ചു. കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്ന ഡി.വൈ.എഫ്.ഐ കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു.

പ്രദേശത്ത് കോൺഗ്രസ് സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ ചെറിയ സംഘർഷത്തിൽ ഇത്തരത്തിലുള്ള ഭീഷണി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഇന്നലെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here