തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരായി നടനും സംവിധായകനുമായ മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു. ആദ്യം നല്‍കിയ 5714 രൂപയുടെ ബില്‍ യഥാര്‍ത്ഥത്തില്‍ 300 രൂപയുടെതാണെന്ന് തെളിഞ്ഞു.
ഇതിനെ തുടര്‍ന്ന് മധുപാലിന് പുതുക്കിയ ബില്‍ നല്‍കി. ഏഷ്യാനെറ്റ് ചാനലിലെ ചര്‍ച്ചയിലൂടെ പറഞ്ഞ പരാതിക്ക് ശേഷമാണ് നടപടിയുണ്ടായത്. നേരത്തെ കെ.എസ്.ഇ.ബി അമിത ബില്‍ ഈടാക്കിയെന്ന് മധുപാല്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തെ തന്റെ വീട് അടഞ്ഞുകിടക്കുകയായിരുന്നെന്നും ഇതിന് 5714 രൂപ ഈടാക്കിയെന്നും മധുപാല്‍ ചാനലില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ. ബിനടത്തിയ അന്വേഷണത്തിലാണ് പുതിയ ബില്‍ നല്‍കിയത്.
നടന്‍ മണിയന്‍ പിള്ള രാജുവും തനിക്ക് ലഭിച്ച ബില്ലിനെതിരെ രംഗത്ത് എത്തിയിരുന്നു. മാസം 7000 രൂപ കറന്റ് ബില്‍ അടച്ചിരുന്ന സ്ഥാനത്ത് ഈ മാസം 42300 രൂപ ബില്‍ വന്നുവെന്ന് നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.
എന്നാല്‍ മണിയന്‍ പിള്ള രാജു ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്‍ നല്‍കിയതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണെന്നും എന്‍.എസ് പിള്ള പറഞ്ഞിരുന്നു.