എം.സി ഖമറുദ്ധീനെതിരെ സി.പി.എം നട്ടാൽ മുളക്കാത്ത ആരോപണവുമായി രംഗത്ത് വരുന്നത് അപഹാസ്യം: മുസ്ലിം ലീഗ്

0
177

കുമ്പള: (www.mediavisionnews.in) ഗൾഫ് ഖേലകളിൽ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വിഷയത്തിലടക്കം നാൾക്കുനാൾ സർക്കാരിന്റെ മുഖം വികൃതമായികൊണ്ടിരിക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ മഞ്ചേശ്വരം എം.എൽ.എക്കെതിരെ നട്ടാൽ മുളക്കാത്ത ആരോപണവുമായി സി.പി.എം രംഗത്തുവന്നത് അപഹാസ്യമാണെന്നും നുണപ്രചരണങ്ങളിലൂടെ മുസ്ലിം ലീഗ് പ്രവർത്തകരുടെ പോരാട്ട വീര്യം ചോർത്തിക്കളായാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസയും ജന: സെക്രട്ടറി എം. അബ്ബാസ് പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് ഭൂമി തട്ടിയെടുത്തുവെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമുന്നയിക്കുന്ന സി.പി.എം സംഭവത്തിന്റെ യതാർഥ്യമെന്താണെന്ന് ആദ്യം പഠിക്കണം. പ്രദേശികമായി ഇരു സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ഒരു തർക്കത്തെ പർവതീകരിച്ച് അതിന്റെ പേരിൽ തട്ടിപ്പ് നടന്നുവെന്ന് സി.പി.എം ആരോപണമുന്നയിക്കുന്നത് കൊവിഡ് കാലത്ത് എം.എൽ.എയുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തിൽ നടന്ന കാരുണ്യ പ്രവർത്തനങ്ങളിൽ വിറളി പൂണ്ടത് കൊണ്ടാണ്. ലോക്ക് ഡൗൺ കാലത്ത് പാസ് ലഭിക്കാത്തതിനെ തുടർന്ന് അതിൽത്തി ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും പാസും ക്വാറന്റീൻ സൗകര്യങ്ങളും ലഭ്യമാക്കുകയും ഇതേ തുടർന്ന് എം.എൽ.എയ്ക്ക് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത നേടുകയും ചെയ്തത് സി.പി.എമ്മിനെ തെല്ലൊന്നുമല്ല അസ്വസ്തരാക്കിയത്. കൂടാതെ സർക്കാർ പ്രവാസി ദ്രോഹ നടപടികളിലൂടെ ഗൾഫ് മേഖലകളിൽ നിന്നും നാടണയാൻ കൊതിക്കുന്ന പ്രവാസി മലയാളികളോട് നാൾക്കുനാൾ സ്വീകരിക്കുന്ന ക്രൂരതയും സി.പി.എമ്മിന്റ നിലനിൽപ്പ് അപകടത്തിലാക്കിയിട്ടുണ്ട്. പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് ഓരോ മണ്ഡലത്തിലും ഇത്തരത്തിൽ ശുദ്ധ അസംബന്ധമായ ആരോപണങ്ങളുമായി സി.പി.എം രംഗത്തു വരുന്നത്. അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ പേരിൽ എം.എൽ.എയെ തടയാനും അപകീർത്തിപ്പെടുത്താനുമാണ് നീക്കമെങ്കിൽ മുസ്ലിം ലീഗ് വെറുതെ ഇരിക്കില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ പ്രസ്താവനയിൽ തുടർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here